Tuesday, 27 September 2022

അവൾ

 ഒഴിഞ്ഞ മഷിക്കുപ്പികൾ കഥ പറയുന്ന....


 പെടസ്ട്രിയൽ ഫാനിന്റെ ചലനത്തിനൊപ്പം കടലാസുകൾ താളം പിടിക്കുന്ന....


മാധവിക്കുട്ടിയമ്മയുടെ നീർമാതളവും, ബഷീർ സാഹിബിന്റെ ബാല്യകാലസഖിയും, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയും നിറഞ്ഞു നിൽക്കുന്ന....


പ്രണയം നിശബ്ദതയിൽ ലയിക്കുന്ന ലൈബ്രറി....


ഒന്ന് കണ്ണടച്ച് കാതോർത്താൽ ആ പെടസ്ട്രിയൽ ഫാനിന്റെ ശബ്ദം കാതിൽ മുഴങ്ങും...


അതിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കും...


 വായനയിൽ മുഴുകിയ അവൾ തന്റെ മുടിയിഴകൾ കറുത്ത കുപ്പിവളകളാൽ നിറഞ്ഞ തന്റെ കൈവിരലുകളാൽ മെല്ലെ ചീകിയോതുക്കും...


കരിമഷിയെഴുതിയ ആ കണ്ണുകളിൽ പ്രണയം തുളുമ്പും....


നെറ്റിയിലെ കറുത്ത വട്ട പൊട്ടും ചന്ദനക്കുറിയും, കഴുത്തിലെ നനുത്ത മാലയും, കാതിലെ ജിമിക്കിയും, കാലിലെ വെള്ളിക്കൊലുസ്സും അവളുടെ മാറ്റുകൂട്ടും...



അവൾപോലും അറിയാതെ പകലുകളും രാത്രികളും വന്നു പോകും...



ഒടുവിൽ ഒരു നെടുവീർപ്പോടുകൂടി അവൾ ഞാൻ എഴുതിയ ആ പുസ്തകം വായിച്ചു തീർക്കും...


തന്റെ കൈവിരലുകളാൽ ആ പുസ്തകത്തെ തലോടി അവൾ അതിൽ തലച്ചേർത്തു കിടക്കും...


നിറഞ്ഞ അവളുടെ കണ്ണുകളിൽ എന്റെ പ്രണയം പൂക്കും...



      - വിനായക് അനിൽകുമാർ

No comments:

Post a Comment