Saturday, 11 February 2017

പ്രതിജ്ഞ

ഞാൻ മനസ്സറിഞ്ഞു സ്നേഹിച്ച കാമുകിയുടെ കല്യാണത്തിനു പോവാനൊരു മോഹം..
തന്റെ മാത്രമെന്ന് അഹങ്കരിച്ചവൾ മറ്റൊരാളുടേതാവുന്നത് കണ്ണു തുറന്ന് കാണുവാനൊരു മോഹം..

കല്യാണ പന്തലിൽ വാതിൽക്കൽ നിൽക്കുന്ന അവളുടെ അച്ഛനും വല്യച്ഛനുമൊക്കെ കൈ കൊടുത്ത്, നിങ്ങളുടെ പൊന്നു മോളെ ഒരു കോട്ടവും പറ്റാതെ തിരിച്ചേൽപ്പിച്ചെന്ന അഹങ്കാരത്തോടെ അച്ഛന്റെ കൈയ്യിൽ ഒന്ന് മുറുകെ പിടിക്കണം...

കല്യാണത്തിരക്കുകളിൽ മുഴുകിയ അമ്മയെ കാണണം.. ഞങ്ങളുടെ പ്രണയം കാരണം പഴി കേട്ട ആ അമ്മമനസ്സിനു മുന്നിൽ മനസ്സു കൊണ്ടൊരു ക്ഷമാപണം നടത്തണം...

പെങ്ങളായി ഞാൻ സ്നേഹിച്ച അവളുടെ അനിയത്തിയെ കാണണം... ചിരിച്ചു കൊണ്ടൊരു നന്ദി പറയണം...

അവൾക്ക് കൂട്ടായി ഞങ്ങളുടെ ദൂതരായ കൂട്ടുകാരെ കാണണം... ഇനി മുതൽ ഞങ്ങളില്ല, ഞാനും അവളും മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കണം...

മണവാട്ടിയായ എന്റെ കാമുകിയെ കാണണം... എന്റെ ഉള്ളറിഞ്ഞ അവളുടെ ഉള്ളം കൈയ്യിൽ അവളെ സ്വന്തമാക്കിയവൻ ചേർത്തു പിടിച്ചത് കണ്ട് നെഞ്ചു പിടയ്ക്കണം.... എന്നെ കണ്ട അവളുടെ മുഖഭാവം മാറുന്നത് നോക്കി മനസ്സറിഞ്ഞൊന്നു പുഞ്ചിരിക്കണം... അവളുടെ ജീവിതം എന്നും സന്തോഷത്താൽ സമൃദമാവണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കണം...

കല്യാണം കഴിഞ്ഞ് തിരിച്ചിറങ്ങണം..

പോവുന്ന വഴിയിൽ അവളുടെ ഓർമ്മകൾ മനസ്സിൽ മുറിവുകൾ പാകണം..

ഉളളിൽ കരഞ്ഞു കൊണ്ട് പുറത്തേക്ക് ചിരിക്കണം..

ഇനി പ്രണയം വധുവിനോട് മാത്രമെന്ന് മനസ്സിൽ പ്രതിജ്ഞയെടുക്കണം...



- വിനു

No comments:

Post a Comment