Saturday, 11 February 2017

പ്രതിജ്ഞ

ഞാൻ മനസ്സറിഞ്ഞു സ്നേഹിച്ച കാമുകിയുടെ കല്യാണത്തിനു പോവാനൊരു മോഹം..
തന്റെ മാത്രമെന്ന് അഹങ്കരിച്ചവൾ മറ്റൊരാളുടേതാവുന്നത് കണ്ണു തുറന്ന് കാണുവാനൊരു മോഹം..

കല്യാണ പന്തലിൽ വാതിൽക്കൽ നിൽക്കുന്ന അവളുടെ അച്ഛനും വല്യച്ഛനുമൊക്കെ കൈ കൊടുത്ത്, നിങ്ങളുടെ പൊന്നു മോളെ ഒരു കോട്ടവും പറ്റാതെ തിരിച്ചേൽപ്പിച്ചെന്ന അഹങ്കാരത്തോടെ അച്ഛന്റെ കൈയ്യിൽ ഒന്ന് മുറുകെ പിടിക്കണം...

കല്യാണത്തിരക്കുകളിൽ മുഴുകിയ അമ്മയെ കാണണം.. ഞങ്ങളുടെ പ്രണയം കാരണം പഴി കേട്ട ആ അമ്മമനസ്സിനു മുന്നിൽ മനസ്സു കൊണ്ടൊരു ക്ഷമാപണം നടത്തണം...

പെങ്ങളായി ഞാൻ സ്നേഹിച്ച അവളുടെ അനിയത്തിയെ കാണണം... ചിരിച്ചു കൊണ്ടൊരു നന്ദി പറയണം...

അവൾക്ക് കൂട്ടായി ഞങ്ങളുടെ ദൂതരായ കൂട്ടുകാരെ കാണണം... ഇനി മുതൽ ഞങ്ങളില്ല, ഞാനും അവളും മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കണം...

മണവാട്ടിയായ എന്റെ കാമുകിയെ കാണണം... എന്റെ ഉള്ളറിഞ്ഞ അവളുടെ ഉള്ളം കൈയ്യിൽ അവളെ സ്വന്തമാക്കിയവൻ ചേർത്തു പിടിച്ചത് കണ്ട് നെഞ്ചു പിടയ്ക്കണം.... എന്നെ കണ്ട അവളുടെ മുഖഭാവം മാറുന്നത് നോക്കി മനസ്സറിഞ്ഞൊന്നു പുഞ്ചിരിക്കണം... അവളുടെ ജീവിതം എന്നും സന്തോഷത്താൽ സമൃദമാവണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കണം...

കല്യാണം കഴിഞ്ഞ് തിരിച്ചിറങ്ങണം..

പോവുന്ന വഴിയിൽ അവളുടെ ഓർമ്മകൾ മനസ്സിൽ മുറിവുകൾ പാകണം..

ഉളളിൽ കരഞ്ഞു കൊണ്ട് പുറത്തേക്ക് ചിരിക്കണം..

ഇനി പ്രണയം വധുവിനോട് മാത്രമെന്ന് മനസ്സിൽ പ്രതിജ്ഞയെടുക്കണം...



- വിനു

Friday, 27 January 2017

തീരാ നഷ്ടം

നിന്റെ മുന്നിൽ പ്രണയിച്ചു തോറ്റപ്പോഴാ എനിക്ക് മനസ്സിലായത് , എന്റെ ജീവിതം ഒരു വലിയ വട്ടപ്പൂജ്യം ആണെന്ന്.. ഈ ഒറ്റപ്പെടൽ , അത് താങ്ങാവുന്നതിനും അപ്പുറമാണെന്ന്... എന്തിനാണ് നിന്നെ ഞാൻ പ്രണയിച്ചതെന്ന് എനിക്കറിയില്ല.. ഒരു പക്ഷെ മരണത്തിലേക്കുള്ള എന്റെ ദൂരം കുറയ്ക്കാനാവും... എന്നിരുന്നാലും ഈ ഏകാന്തത എന്നെ വല്ലാതെ വേട്ടയാടുന്ന പോലെ... മരണത്തെയല്ല , മറിച്ച് എന്റെ മരണശേഷം നീ ഒറ്റപ്പെടുമോന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു...


പെൺകുട്ടികളുടെ മാംസത്തെ ആർത്തിയോടെ നോക്കിക്കാണുന്ന മനുഷ്യഭോജികളുടെ ഈ നശിച്ച സമൂഹത്തിൽ നിന്റെ സുരക്ഷ ഓർത്ത് ഞാൻ പേടിച്ചിരുന്നു... മറ്റാരേക്കാളും...


അരങ്ങു വാഴുന്ന കാപട്യത്തിന്റെ തീച്ചൂളയിൽ നീ വെന്തെരിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... മറ്റെന്തിനേക്കാളും...


ഈ ലോകത്ത് മറ്റെന്തിനേക്കാളും നിന്നെ ഞാൻ സ്നേഹിച്ചു..

സ്വന്തമാക്കാൻ സ്വപ്നം കണ്ടു....

ഉള്ളു തുറന്ന് പ്രണയിച്ചു...



ഇന്നിപ്പോ നഷ്ടം അത് എന്റേതു മാത്രമാണ്....

തീരാ നഷ്ടം.....


Wednesday, 25 January 2017

ഓർമ്മച്ചെപ്പ് - കവിത

ഇറ്റുവീഴുന്നൊരീ കണ്ണുനീർത്തുള്ളിക്ക്
പറയുവാനുള്ളൊരാ വിരഹ കാവ്യം...
അറിയാതെ പൊഴിയുന്ന തളിരിലത്തുമ്പിനും
മൊഴിയുവാനുള്ളൊരാ നഷ്ട സ്വപ്നം..
ആർദ്രമാം പ്രണയമെന്നാഴത്തിലോതി നീ
തോളോടുതോൾ ചേർന്നെന്നൊപ്പം നടന്നതും..
കൃഷ്ണതുളസിക്കതിർ പോലെയന്നു നീ
പ്രണയത്തിൻ ശംഖൊലി കാതിലായി ചൊന്നതും...

ഇന്നൊരാ ഓർമ്മതൻ ചെപ്പു തുറക്കവേ
ഇറ്റുവീഴുന്നൊരീ കണ്ണുനീർത്തുള്ളിക്ക്
പറയുവാനുണ്ടൊരു വിരഹ കാവ്യം...
അറിയാതെ പൊഴിയുന്ന തളിരിലത്തുമ്പിനും
മൊഴിയുവാനുണ്ടൊരു നഷ്ട സ്വപ്നം..












- വിനു

Monday, 23 January 2017

കുറ്റബോധം

അറിയില്ല കാലിടറി ഞാൻ വീണതെവിടെയെന്ന്..... തിരിച്ചറിയുന്നു ഞാനിന്ന്... ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു കണ്ണുപൊത്തിക്കളി.. അത് മാത്രമാണ് പ്രണയമെന്ന്... എന്നോ കവി പാടിപ്പറഞ്ഞ പോലെ വെറും ഭ്രമം.. മരണത്തിന്റെ ചുടുചോര മണമുള്ള ഏതോ ഒരുതരം വികാരം.... ഇഷ്ടമാണെന്നോതി ഒപ്പം നടക്കുകയും , ഇഷ്ടമല്ലെന്നോതി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തമാശക്കളി....  മോഹിപ്പിച്ചിട്ടൊടുവിൽ ദൂരേയ്ക്കകലുമ്പോൾ അവശേഷിക്കുക കാലക്കയറിലോ ഉടുമുണ്ടിലോ തൂങ്ങിയാടുന്ന പാവം ബലിയാടുകൾ... കുറ്റബോധം തോന്നുന്നു.. അത് പക്ഷെ പ്രണയിച്ചതിനല്ല... നീ ഒപ്പമുണ്ടായിരുന്നപ്പോൾ ഞാൻ ഒരിക്കലും ഒറ്റപ്പെടില്ലെന്ന് അഹങ്കരിച്ചതിന്......