Saturday, 4 June 2016

ചതിയിൽ വഞ്ചനയില്ല

പൂവിന്റെ വാക്കു വിശ്വസിച്ച് പൂമ്പൊടി തേടിയലഞ്ഞ പൂമ്പാറ്റ എത്തപ്പെട്ടത് ഇരുൾ നിറഞ്ഞ കാനന പാതയിൽ.... ചുറ്റപ്പെട്ടു കിടക്കുന്ന നിശബ്ദതയേക്കാൾ പൂമ്പാറ്റ പേടിച്ചത് ആ നിശബ്ദതയ്ക്കു പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെയാണ്....

നിഗൂഡതയാർന്ന ഒരായിരം ലക്ഷ്യങ്ങളോടെ തന്നെ ഈ ഇരുളിലേക്ക് എത്തിച്ചത് പൂവായിരുന്നെന്ന് അറിഞ്ഞിട്ടും അതു വിശ്വസിക്കാൻ പൂമ്പാറ്റ തയ്യാറായില്ല... കാരണം, സ്നേഹത്തിൽ വഞ്ചനയില്ലെന്ന് അത് അടിയുറച്ച് വിശ്വസിച്ചിരുന്നു....


എങ്കിലും ഒരു മടക്കയാത്ര സാധ്യമായിരുന്നെങ്കിൽ ആ പൂവിനോട് ചോദിക്കാമായിരുന്നു, സ്നേഹത്തിൽ വഞ്ചനയ്ക്ക് എന്താണ് സ്ഥാനമെന്ന്...?
സ്നേഹിച്ച് വഞ്ചിച്ചത് എന്തിനാണെന്ന്...











- വിനു

വിട

തൊട്ടും തൊടാതെയും, ഇണങ്ങിയും പിണങ്ങിയും, സ്നേഹിച്ചും വഴക്കിട്ടും ഇതാ കാലങ്ങൾ കടന്നു പോയി..... ഉദയ സൂര്യനിൽ നീരാടവെ തെല്ലൊട്ടും  അറിഞ്ഞിരുന്നില്ല ഞാൻ, ആഴക്കടലിൽ നീയെന്ന സൂര്യൻ അസ്തമിക്കുന്ന മാത്രയിൽ നിന്റെ വേർപാട് എന്നിൽ നൊമ്പരമുണർത്തുമെന്ന്.....

പറയാൻ വാക്കുകളോ കരയാൻ കണ്ണുനീരോ എന്നിൽ ഇല്ല.....

പ്രണയമാം നിനവിൽ വിരഹമാം തമസ്സിന് ഈ ജന്മം എന്നിൽ വിട...








- വിനു

സ്നേഹത്തിന് മരണമില്ല

മറക്കില്ല എന്ന് എന്നോട് പറഞ്ഞവരൊക്കെ എന്നെ മറന്ന് തുടങ്ങിയിരിക്കുന്നു...
പിരിയില്ല എന്ന് എന്നോട് പറഞ്ഞവരൊക്കെ എന്നിൽ നിന്നും ഒരുപാട് അകലങ്ങളിലേക്ക്  മാഞ്ഞ് കൊണ്ടിരിക്കുന്നു.....

ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടായിട്ടും ഒന്ന് തിരിഞ്ഞു നോക്കാതെ പലരും നടന്നു നീങ്ങുന്നു....

ഞാൻ ചിലരുടെ മനസ്സിൽ ആരുമല്ലാതെയായിത്തീർന്നിരിക്കുന്നു...
എങ്കിലും ഇനിയും നിലച്ചിട്ടില്ലാത്ത എന്റെ ഈ കൊച്ചു ഹൃദയം നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും.....

കാരണം, നിന്നോടുള്ള എന്റെ സ്നേഹത്തിന് മരണമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു......









- വിനു

ഓർമ്മ

ഞാൻ എവിടെ പോയാലും എന്റെ ഓർമ്മകൾ ഇവിടെ നിന്റെ ഒപ്പം ഉണ്ടാവും... കാരണം, എന്റെ ജീവന്റെ നിലനിൽപ്പ് ഓർമ്മകളിലാണ്....  ഓർമ്മകൾ മുഴുവൻ നീയും.... ഞാൻ ഈ ലോകത്തോട് വിട പറഞ്ഞാലും, നിന്റെ ശ്വാസത്തിൽ ഞാനും എന്റെ ഓർമ്മകളും ഉണ്ടാവും... അവിടെ ഞാൻ ജീവിക്കും... മരിക്കാത്ത ഓർമ്മകളുമായി.....








- വിനു

നഷ്ട സ്വപനം - കവിത

മഞ്ഞിന്റെ നിസ്വനം കേട്ടു ഞാനുണരവേ
ആദ്യമായോർത്തതീ മൊഞ്ചുള്ളപൂവിത-
ളെന്നോടു ചേരുന്ന പ്രണയത്തിൻ വിസ്മയം....
ഓർത്തു പോകുന്നു ഞാനാദ്യമായി പുസ്തകത്താളിന്റെയുള്ളിലൊളുപ്പിച്ചൊരാമയിൽപ്പീലിയും,താളിന്റെയുള്ളുപോലന്നെന്റെയുള്ളിന്റെയുള്ളിലായി ഞാൻ പ്രതിഷ്ഠിച്ചൊരാമയിൽപ്പീലിപോൽ നിന്നെയും....

ഓർക്കുന്നുവോ സഖീ നീയാദിന - മന്നാദ്യമായെൻമനം നിന്നോടു ചൊന്നതും.
തൊട്ടും തൊടാതെയും കാലമാം സന്ധ്യയിൽ പ്രണയത്തിൽ ചാർത്തിയ സ്വപ്നങ്ങൾ നെയ്തതും..
മരിക്കുന്നനാൾ വരെ മരിക്കില്ലെന്നോടു-
ള്ള നിൻ പ്രണയമെന്നോതി നീ നിൻ മാറു ചേർത്തെന്നെ വാരിപ്പുണർന്നതും..
പിന്നീടന്നൊരിക്കലെന്തിനോവേണ്ടി  നീയെന്നെത്തനിച്ചാക്കി ദുരേയ്ക്കകന്നതും..

ഓർമ്മിക്കുവോളം മറക്കാതെ വയ്യ നിൻ
പ്രണയത്തിൽ ചാർത്തിയ നഷ്ടസ്വപ്നങ്ങളെ......








- വിനു

പ്രണയ സാഫല്യം - കവിത

ഇതളിട്ട മോഹവും ചിറകാർന്ന സ്വപ്നവും പ്രണയത്തിൻ നിസ്വനം കേട്ടു നിൽക്കേ...
കൺമണീ കണ്ടു ഞാൻ നിൻ നേർത്ത മിഴിയിലിലാദ്യമായി മൊട്ടിട്ട പ്രണയത്തിൻ കൗതുകം....
ആരേരുമറിയാതെ ഞാൻ കാത്തുവച്ചൊരാദ്യാനുരാഗത്തിൽ നീ വന്നു  പുണരവേ..
അറിയാതെയെങ്കിലുമെൻ മനം തേങ്ങുന്നിതൊരു നേരമെങ്കിലും നിൻ ചാരെയണയുവാൻ...
മൂകമാം രാവുമായി കാലം കടന്നുപോയി,
പിരിയുമാവേളയിൽ നിൻ ചാരെ വന്നു ഞാനെൻമനമെൻ സഖീ നിന്നോടു ചൊല്ലവേ, കണ്ടു ഞാനാദ്യമായി നിൻ മിഴിക്കണ്ണീർ പൊഴിക്കുന്നതല്ലെയോ പിന്നെ നീയെങ്ങോ മറഞ്ഞു പോയ്....


നീറുന്ന നോവുമായി യാമം കടന്നുപോയ്
കാലത്തിൻ കൈകളിൽ പിന്നെയും കണ്ടു നാം ദിശതേടിയലയുന്ന രണ്ടിളം കിളികളായി...
ഒരിക്കലന്നെന്തിനോവേണ്ടിപ്പിണങ്ങിപ്പിരിഞ്ഞുനാമന്നാസന്ധ്യയിൽ പിന്നെയൊന്നായതും...
സ്വന്തമെന്നോതുവാൻ നിനച്ചിരുന്നെങ്കിലും സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല ഞാനിതുപോൽ ദിനരാത്രങ്ങൾക്കിപ്പുമെൻ ജീവന്റെ പാതിയായി, പ്രണയസാഫല്യമായി
എൻ മാറു ചേർന്നിതാ നിന്റെയോർമ്മയ്ക്കുകൂട്ടായി നീയുണ്ടാവുമെന്ന്......








- വിനു

പറയാതെ വച്ച പ്രണയം - കവിത

പറയാതെ വച്ചൊരാ പ്രണയമാം സ്വപന മിന്നകലുന്നു ഞാനെന്ന കാലം ചരിത്രമായി.
വാടിത്തളർന്നൊട്ടു മാറോടു ചായുന്ന
പാരിജാതപ്പു സുഗന്ധം പടർത്തുകിൽ
മഴകാത്തു കഴിയുന്ന വേഴാമ്പലായി
ഞാനായിരം കാതരം കാത്തിരിക്കാം..
അറിയുന്നുവോ സഖീ നീയെന്റെ പ്രണയ മിന്നകലുന്നതെന്തേയീയെന്നെ തനിച്ചാക്കി.
ഞാനെന്ന പ്രണയവും കാലമാം വിരഹവുമൊന്നിച്ചു ചേർന്നൊരീയേകാന്ത ഭൂമിയിൽ
സ്വന്തമെന്നോതുവാൻ സ്വപ്നങ്ങൾ മാത്രമായി
ദൂരെയാ മാമരക്കാട്ടിന്നുമപ്പുറം
താരിളം പൂങ്കുളിർ ചോലയ്ക്കുമക്കരെ
ജീവൻ വെടിഞ്ഞു ഞാനീയാത്ര തുടര വെ
പറയാതെ വച്ചൊരാ പ്രണയമാം സ്വപ്ന മിന്നകലുന്നു ഞാനെന്ന കാലം ചരിത്രമായി...............









- വിനു

ആമുഖം

അവളായിരുന്നു എന്നെ പ്രണയിച്ചത് .... ആ പ്രണയത്തിനു മുന്നിൽ  ഞാൻ കീഴടങ്ങുകയായിരുന്നു ..... പക്ഷെ പിന്നീട് അവൾ വിധിയിൽ പഴിചാരി എന്നിൽ നിന്നും നടന്നകന്നു ..... വിധിയുടെ അധ്യായത്തിൽ എനിക്ക് അവളെ നഷ്ടപ്പെട്ടു ..... പക്ഷെ അവളില്ലാത്ത ലോകം എനിക്ക് അന്യമായിരുന്നു .... ഞാൻ എന്നെന്നേയ്ക്കുമായി ഇരുട്ടിലേക്ക് ഓടിമറഞ്ഞു .....



ഒരുപാട് നാളുകൾക്ക് ശേഷം ഇന്നവൾ വന്നിരുന്നു ...... ഒരു പിടി റോസാ പൂക്കളുമായി......



കല്ലറയ്ക്കുള്ളിൽ നിന്ന് ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു ..... പക്ഷെ അപ്പോഴേക്കും ആ പുഷ്പങ്ങൾ എന്റെ കല്ലറയ്ക്കു മുകളിൽ വച്ചിട്ട് അവൾ വീണ്ടും നടന്നകന്നു ...... കല്ലറയിൽ എന്നെ തനിച്ചാക്കി .....



പ്രതീക്ഷകൾക്ക് കൂട്ടായി ഒരു നുറുങ്ങു വെട്ടം പോലും എന്നിൽ ഇന്ന് ഇല്ലാതായിരിക്കുന്നു ..... ഏകാന്തത ഇഷ്ടപ്പെടാത്ത എനിക്ക് നിലനിൽപ്പിനായി അത് സ്വയം പിടിച്ച് വാങ്ങേണ്ടി വന്നു .....

ആ എകാന്തതയിൽ ഞാൻ കുറിച്ചിട്ട ഈ വാക്കുകൾ ഇന്നിതാ താളുകൾ ഒപ്പിയെടുക്കുന്നു .....







- വിനു